
ദോഹ: നന്മയുടെയും സർഗ്ഗാത്മകതയുടെയും പാതയിൽ തിളക്കമാർന്ന നാളെയുടെ സന്ദേശമെഴുതിയ ഖത്തറിലെ യുവപ്രതിഭകൾക്കും കൂട്ടായ്മകൾക്കും ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) അമൂല്യ അംഗീകാരം. തങ്ങളുടെ ഉൾക്കാഴ്ച കൊണ്ടും സമാനതകളില്ലാത്ത മുന്നേറ്റങ്ങൾ കൊണ്ടും സമൂഹത്തെ ധന്യമാക്കിയ പ്രതിഭകളെ ജി.സി.സി ജനറൽ സെക്രട്ടറിയേറ്റ് ആദരിച്ചു.
മികച്ച സർഗ്ഗാത്മക യുവത്വത്തിനുള്ള പുരസ്കാരം ഫാത്തിമ സാദ് അൽ മോഹന്നദിയും സൗദ് അൽ ഇമാദിയും സ്വന്തമാക്കിയപ്പോൾ, കെയർ ആന്റ് കമ്മ്യൂണിറ്റി കാറ്റഗറിയിൽ 'ഫസാത് അൽ-അദാം യൂത്ത്' എന്ന ജനകീയ കൂട്ടായ്മ ആദരിക്കപ്പെട്ടു.
നയതന്ത്ര വിശേഷങ്ങളാലും ശാസ്ത്ര വിചാരങ്ങളാലും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ ഖത്തറിന്റെ നാമമുയർത്തിയ പ്രതിഭയാണ് ഫാത്തിമ സാദ് അൽ മോഹന്നദി. യുവത്വം തപസ്സുപോലെ കൊണ്ടുനടക്കുന്ന ഫാത്തിമ ശാസ്ത്രീയ മികവിലും സംവാദങ്ങളിലും മുന്നിൽ നിൽക്കുന്നു.
പരിസ്ഥിതി സൗഹൃദപരമായ നാളേക്ക് വേണ്ടി 10 ടണ്ണിലധികം പ്ലാസ്റ്റിക്കിന് പകരമുള്ള സാധ്യതകൾ കണ്ടെത്തിയ രാസ എഞ്ചിനീയറും യുവ സംരംഭകനുമാണ് സൗദ് അൽ ഇമാദി. പ്രകൃതിയോടുള്ള സ്നേഹവും സംരംഭകത്വ മികവും ഒന്നിച്ച് ചേർത്തുവെച്ച് പുതുതലമുറക്ക് അറിവ് പകരുകയാണ് ഈ യുവപ്രതിഭ.കരുണയുടെയും സഹജീവിസ്നേഹത്തിന്റെയും അമൃതവർഷമായി മാറിയ 'ഫസാത് അൽ-അദാം യൂത്ത്' 2023-ലാണ് പിറവിയെടുക്കുന്നത്. കായിക-യുവജന മന്ത്രാലയത്തിന് കീഴിൽ പരിശീലനം നേടിയ ഒരു കൂട്ടം യുവാക്കൾ തുടങ്ങിയ ഈ നന്മക്കൂട്ടായ്മ ഇന്ന് പതിനായിരത്തോളം മനുഷ്യർക്കാണ് തണലേകിയത്.തൊഴിലാളികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, നിരാലംബരായ രോഗികൾ എന്നിവർക്ക് ആശ്വാസമായി ഇവർ അരികിലെത്തി.ജബർ ഖവാത്തർ', സ്തനാർബുദ ബോധവൽക്കരണത്തിനായുള്ള 'അസ്ഹരി', 'തവദ്ദൂ തരാഹമു', റമദാൻ ഇഫ്താർ വിതരണം തുടങ്ങി നിരവധി ജീവകാരുണ്യ പദ്ധതികൾ വഴി ഖത്തറിന്റെ മണ്ണിൽ സഹാനുഭൂതിയുടെ സുഗന്ധം പരത്താൻ ഇവർക്കായി.
ഖത്തറിലെ യുവജനങ്ങളുടെ കഴിവുകൾക്ക് ചിറകുകൾ നൽകാൻ കായിക-യുവജന മന്ത്രാലയം നടത്തുന്ന നിരന്തരമായ പ്രവർത്തനങ്ങളുടെ മകുടോദാഹരണമാണ് അന്താരാഷ്ട്ര തലത്തിൽ ഖത്തറിന് തിളക്കമേകിയ ഈ ജി.സി.സി അംഗീകാരം.










